108 ശക്‌തിപീഠങ്ങളില്‍ ഒന്നായ കൊല്ലൂർ മൂകാംബികാക്ഷേത്രം

ശ്രീചക്രപീഠത്തിൽ ഭഗവതിയോടൊപ്പം ത്രിമൂർത്തിസാന്നിധ്യം ഉൾക്കൊള്ളുന്ന ശിവലിംഗം കൂടിയുള്ളതിനാൽ ശിവശക്തി-ത്രിമൂർത്തി ഐക്യരൂപത്തിലാണ് മൂകാംബികാദേവിയുടെ  പ്രതിഷ്ഠ.


കൊല്ലൂർ മൂകാംബികാക്ഷേത്രം


ആയിരത്തി ഇരുനൂറിലധികം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന  കൊല്ലൂർ മൂകാംബികാക്ഷേത്രം സ്ഥിതി ചെയ്യുന്നത് കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്താണ്. നടുവില്‍ സ്വര്‍ണരേഖ ഉള്ള സ്വയംഭൂ ലിംഗമാണു കൊല്ലൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ലോകമെമ്പാടുമുള്ള ശക്തി ഉപാസകരുടെയും ഭഗവതിഭക്തരുടെയും ഒരു പുണ്യ കേന്ദ്രം കൂടിയാണ്  ഈ ക്ഷേത്രം.  "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" ഐക്യരൂപിണിയായ ആദിപരാശക്തിയാണ് മൂകാംബിക എന്ന പേരിൽ ആരാധിയ്ക്കപ്പെടുന്നത്. പ്രതിഷ്ഠയുടെ വലതുഭാഗത്തായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു രൂപങ്ങളും ഇടതു വശത്ത്‌ ത്രിമൂര്‍ത്തികളും സ്ഥിതി ചെയ്യുന്നു എന്നാണു സങ്കല്‍പം. കിഴക്കു ഭാഗത്തേക്കാണ് ക്ഷേത്രത്തിന്റെ ദർശനം.. ശ്രീചക്രപീഠത്തിൽ ഭഗവതിയോടൊപ്പം ത്രിമൂർത്തിസാന്നിധ്യം ഉൾക്കൊള്ളുന്ന ശിവലിംഗം കൂടിയുള്ളതിനാൽ ശിവശക്തി-ത്രിമൂർത്തി ഐക്യരൂപത്തിലാണ് പ്രതിഷ്ഠ.  കോലാപുരേശിയായ മഹാലക്ഷ്മിയായി ആരാധിക്കപ്പെടുന്ന മൂകാംബികാദേവി ശംഖ്, ചക്രം, വരം, അഭയം എന്നി മുദ്രകളിഞ്ഞ ചതുർബാഹുവായ രൂപമായിയാണ് കുടികൊള്ളുന്നത്.  ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ വിദ്യാഭഗവതിയായ സരസ്വതീദേവിയ്കും, വടക്കുഭാഗത്തായി ചാമുണ്ഡിക്കും, തെക്കു ഭാഗത്തായി ഗണപതിക്കും ക്ഷേത്രങ്ങൾ ഉണ്ട്. മൂകാംബികയുടെ സേനാനായകനായ വീരഭദ്രനെ തൊഴുതശേഷമാണ് ദേവീദർശനം നടത്തേണ്ടത് എന്നതാണ് ആചാരം. പരശുരാമനാൽ  പ്രതിഷ്ഠിയ്ക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് മൂകാംബിക എന്ന്‌ സങ്കല്പമുണ്ട്. കേരളത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണു ഇങ്ങനെ പ്രതിഷ്ടിച്ചതെന്ന വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രവും ഇതാണ്. ഒരു ദിവസം മലയാളികൾ ആരെങ്കിലും ഈ ക്ഷേത്രത്തിൽ വരാതെയിരുന്നാൽ അന്ന് കൊല്ലൂർ ദേവി മലയാളക്കരയിലേക്ക് വരും എന്നൊരു സങ്കല്പമുണ്ട് എന്നാൽ അങ്ങനയൊരു ദിവസം ഇതുവരെ ഉണ്ടായിട്ടില്ല . 

Sri Mookambika Temple


കലകളുടെ അമ്മയായ മൂകാംബിക ദേവിയെ  രാജ്ഞിയായും ബാലികയായും ആരാധിക്കപ്പെടുന്നുണ്ട്. മഹാസരസ്വതി സാന്നിധ്യമുള്ള ക്ഷേത്രമായതിനാൽ ഭഗവതിയെ ഉപാസിച്ചാൽ കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ച ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർത്ഥികളും കലാസാഹിത്യസിനിമ മേഖലകളിലെ പ്രമുഖരും ഈ ക്ഷേത്രം ധാരാളമായി സന്ദർശിക്കുന്നു.  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബിക ദർശനം നടത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും ബുദ്ധിശക്തിയും വാക്ചാതുരിയും സിദ്ധിക്കുമെന്നു വിശ്വാസം.ലോകനാഥയായ ആദിപരാശക്തി തന്നെയാണ് മൂകാംബിക.

ഐതീഹ്യങ്ങൾ 

മൂകാംബിക ക്ഷേത്രവുമായി ബന്ധപെട്ടു പല ഐതീഹ്യങ്ങൾ ഉണ്ട്. അതിലൊന്ന് ഇങ്ങനെയാണ്, ഒരിക്കൽ കോലൻ എന്നു പേരുള്ള ഒരു മഹർഷി ഇവിടെ ഒരുപാടുകാലം ദേവി ആദി മഹാലക്ഷ്മിയുടെ പ്രീതിയ്ക്കായി തപസ്സിരുന്നു.അതെ സമയം തന്നെ  കംഹൻ എന്ന അസുരൻ മരണമില്ലാത്ത "അമരത്വം" നേടാനായി ഇതേ പ്രദേശത്തിൽ മഹാദേവന് വേണ്ടി തപസ്സെടുത്തു. എന്നാൽ അസുരന്റെ തപസ്സിൽ പ്രത്യക്ഷപ്പെട്ട മഹാദേവനോട് വരം ചോദിക്കാൻ ഒരുങ്ങവെ കംഹന്റെ നാവിൽ കുടിയേറിയ പരാശക്തി വരം ചോദിക്കാനാകാതെ അസുരനെ മൂകനാക്കി. അങ്ങനെ കംഹാസുരന് "മൂകാസുരൻ" എന്ന പേരുകിട്ടി. കോപത്താൽ അസുരൻ ദേവന്മാരെയും മഹര്ഷിമാരെയും ഉപദ്രവിക്കാൻ തുടങ്ങി. ഒടുവിൽ ദേവകളുടെയും മഹർഷിയുടെയും പ്രാർഥനപ്രകാരം ദുർഗ്ഗാ പരമേശ്വരി മഹാകാളി തുടങ്ങിയ ശക്തികളോടൊപ്പം പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, ത്രിമൂർത്തികളുടെ അഭ്യർത്ഥന പ്രകാരം മൂകാംബികയായി അവിടെ കുടികൊള്ളുകയും ചെയ്തു.

മറ്റൊരു കഥ ഇപ്രകാരമാണ് ജഗദ്ഗുരു ശങ്കരാചാര്യർ അനേക ദിനങ്ങൾ കുടജാദ്രി മലയിൽ തപസ്സുചെയ്തതിൽ പ്രസാദിച്ച് മഹാസരസ്വതി പ്രത്യക്ഷപ്പെടുകയും കേരളത്തിലേക്ക് ഭഗവതിയെ കൂട്ടികൊണ്ട് വരുന്ന വഴിയിൽ, അമ്മയുടെ ഇഷ്ടപ്രകാരം ഈ പ്രദേശത്ത്, അന്ന് ദർശനം കൊടുത്ത അതേ രൂപത്തിൽ ശംഖചക്രവരദാഭയ മുദ്രകളണിഞ്ഞ്, മൂകാംബികയിലെ സ്വയംഭൂ ശിവലിംഗത്തിന് പുറകിലായി അദ്ദേഹം ജഗദീശ്വരിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയെന്നും വിശ്വസിക്കപ്പെടുന്നു. മഹാദേവന്റെ പ്രതിഷ്ഠ കൂടെ ഉള്ളതിനാൽ ദേവിക്ക് പാർവതി സങ്കലപ്പവും ഉണ്ട്. 

ഒരിക്കൽ രോഗബാധിതനായി കിടന്ന ശങ്കരാചാര്യർക്ക് വേണ്ടി ഭഗവതി കഷായവുമായി പ്രത്യക്ഷപെട്ടു എന്നാണ് ഐതീഹ്യം. ഇതിന്റെ സ്മരണയ്ക്കായി ക്ഷേത്രത്തിൽ ഇന്നും കഷായ പ്രസാദം നൽകി വരുന്നു.

ക്ഷേത്രവും ചുറ്റുപാടും 

കൊല്ലൂർ ഗ്രാമത്തിന്റെ നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ കാണാം. കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയുംതന്നെ വലിപ്പമുള്ള ദീപസ്തംഭവുമാണ്. ദീപസ്തംഭത്തിൽ ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. 'സ്തംഭഗണപതി' എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. സരസ്വതി ദേവിയുടെ ചൈതന്യം നിറഞ്ഞുനില്കുന്നതിനാൽ ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം ചെയ്യുന്നതും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്. സരസ്വതീമണ്ഡപത്തിന്റെ തൊട്ടടുത്ത് തിടപ്പള്ളിയും ഹോമപ്പുരയും സ്ഥിതിചെയ്യുന്നു.  ശിവന്റെ പ്രതിഷ്ഠയായ നഞ്ചുണ്ടേശ്വരന്റെ ശ്രീകോവിലിൽ മാത്രമാണ് നന്ദിപ്രതിഷ്ഠയുള്ളത്. അതിനാൽ ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. രളത്തിലെ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളെ അപേക്ഷിച്ച് കാഴ്ചയിൽ വളരെ ചെറുതും അനാകർഷകവുമാണ് ഈ ശ്രീകോവിൽ. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നില്ല. ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. കേരളീയമായ തന്ത്രപദ്ധതികളുമായി വളരെയധികം സാദൃശ്യമുള്ള സങ്കല്പങ്ങളാണ് ഇവിടെയും ബലിക്കല്ലുകൾക്ക്. 


Sri Mookambika Temple

പൂജകളും ഉത്സവങ്ങളും 

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബികാക്ഷേത്രം.   സ്വയംഭൂലിംഗത്തിലാണ്  അഭിഷേകം. പഞ്ചലോഹവിഗ്രഹത്തിൽ അഭിഷേകങ്ങൾ നടത്താറില്ല. മീനമാസത്തിലെ ഉത്രം നാളിൽ കൊടിയേറി ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. എട്ടാം ദിവസമായ മൂലം നാളിലാണ് ക്ഷേത്രത്തിലെ മഹാരഥോത്സവം നടത്തപ്പെടുന്നത്. ദേവിയുടെ ജന്മനക്ഷത്രദിവസമാണ് മീനമാസത്തിലെ മൂലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു.  നവരാത്രിയാണ് മറ്റൊരു പ്രധാന വിശേഷസമയം.  ഒമ്പതാം ദിവസമായ മഹാനവമി ദിവസം നടത്തുന്ന പുഷ്പരഥോത്സവവും വിജയദശമി നാളിലെ വിദ്യാരംഭവുമാണ് പ്രധാനം . മഹാനവമിനാളിൽ രാത്രി എല്ലാ ഭക്തരും തൊഴുതിറങ്ങിയശേഷമേ നടയടയ്ക്കൂ. മൂകാംബിക ദേവി വിളിച്ചാൽ മാത്രമേ ഏതൊരു ഭക്തനും ക്ഷേത്രത്തിലേക് ദർശനത്തിനു ചെല്ലാൻ കഴിയു എന്നൊരു വിശ്വാസമുണ്ടിവിടെ. 


Sri Mookambika Temple

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *