മൂകാംബികാ സാന്നിധ്യമുള്ള പനച്ചിക്കാട് മഹാവിഷ്ണു സരസ്വതീ ക്ഷേത്രം Panachikkadu Dakshina Mookambika Temple

ക്ഷേത്രത്തിലെ യഥാർഥ പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ നമുക് ക്ഷേത്രത്തിലെ പ്രതിഷ്ഠ കാണാൻ കഴിയില്ല. പകരം അതിനു  എതിർ വശത്തു സ്ഥാപിച്ചിരിക്കുന്ന ഒരു പ്രതി വിഗ്രഹത്തിൽ ആണ് പൂജകൾ നടക്കുന്നത്. 

പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ പനച്ചിക്കാട് ഗ്രാമത്തിലുള്ള സരസ്വതി  ക്ഷേത്രമാണ്  ദക്ഷിണ മൂകാംബിക എന്നാണ്  അറിയപ്പെടുന്ന   പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം . പല സരസ്വതി  ക്ഷേത്രങ്ങളും നവരാത്രി കാലത്ത് മാത്രമേ പൂജ നടത്താറുള്ളൂ, എന്നാൽ  ഈ ക്ഷേത്രം എല്ലാ ദിവസവും ദർശനം കൊടുക്കുകയും പൂജ നടത്തുകയും ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണ് എങ്കിലും മൂകാംബികാദേവിയുടെ സാന്നിധ്യമുള്ളതുകൊണ്ടു തന്നെ സരസ്വതി ദേവിക്കും അതെ പ്രാധാന്യം ഉണ്ട്. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. അറിവിന്റെയും വിദ്യയുടെയും ദേവിയായ സരസ്വതിയുടെ എല്ലാ അനുഗ്രഹവും നിറഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ യഥാർഥ പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു.  ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ വള്ളിച്ചെടികളും നീരുറവയുമാണ്. വിഗ്രഹത്തെ മൂടുന്ന വള്ളിച്ചെടികളുടെ ഇലകൾ സരസ്വതി ഇലകളായി കണക്കാക്കപ്പെടുന്നു.ചെടികളാൽ മൂടപ്പെട്ടതിനാൽ വിഗ്രഹം കാണാൻ കഴിയില്ല.  ഉറവയിൽ നിന്നുള്ള വെള്ളം "ദേവിയുടെ" പാദങ്ങളിൽ സ്പർശിച്ചുകൊണ്ട് ഒഴുകുന്നു, വേനൽക്കാലത്ത് പോലും ഇത് വറ്റുന്നില്ല . പൂജകൾക്കും മറ്റ് ആവശ്യങ്ങൾക്കും ആവശ്യമായ വെള്ളം ഉറവയിൽ നിന്നാണ് എടുക്കുന്നത്. കിണറോ മറ്റ് ജലസ്രോതസ്സുകളോ ഇവിടെ ലഭ്യമല്ല. ക്ഷേത്രപരിസരത്ത് എത്തുമ്പോൾ നമ്മൾ ആദ്യം കാണുന്നത് വിഷ്ണു ക്ഷേത്രമാണ്. മറ്റു ക്ഷേത്രങ്ങളെ പോലെ പരമ്പരാഗത ശ്രീകോവിലോ മറ്റ് ആഡംബര നിർമ്മിതികളോ ഇവിടെ ഇല്ല. സരസ്വതി യുടെ യഥാർത്ഥ വിഗ്രഹത്തിന് സമീപം എല്ലാ പൂജകളും നടത്തുന്ന മറ്റൊരു പ്രതി വിഗ്രഹമുണ്ട്.

                                          PANACHIKKAD SARASWATHY TEMPLE Kottayam Kerala

ഐതീഹ്യം അനുസരിച്ചു മൂവായിരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ആദ്യം വിഷ്ണുവിന്റെ പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളു. കിഴുപ്പുറം, കരുനാട്, കൈമുക്ക് എന്നീ ആ മൂന്ന് ബ്രാഹ്മണ കുടുംബക്കാർക്കായിരുന്നു ക്ഷേത്രത്തിൽ ഊരായ്മസ്ഥാനം. കിഴുപ്പുറത്തില്ലത്തെ ഒരു നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും പുരുഷസന്താനങ്ങളുണ്ടായില്ല. അതിൽ വിഷമിച്ചു അദ്ദേഹം ഗംഗാസ്നാനം ചെയ്യാനായി പുറപ്പെട്ടു. പോകുന്ന വഴിയിൽ അദ്ദേഹം പ്രസിദ്ധമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും ദർശനം നടത്തി. കുറച്ചു ദിവസം അവിടെ കഴിച്ചു കൂട്ടി. ഒരു ദിവസം ഉറക്കത്തിൽ അദ്ദേഹത്തിന് ദേവിയുടെ   ഒരു  സ്വപ്നദർശനമുണ്ടായി. നമ്പൂതിരിക് സന്താനഭാഗ്യമില്ല എന്നും ആയതിനാൽ  കരുനാട്ടില്ലത്തെ അന്തർജനം ഗർഭിണിയാണെന്നും അവർക്കുണ്ടാകുന്ന രണ്ടു കുട്ടികളിൽ ഒരാളെ എടുത്തു വളർത്തണമെന്നും സ്വപ്നത്തിൽ ദേവി പറഞ്ഞു. മടങ്ങിയെത്തിയ കിഴുപ്പുറം നമ്പൂതിരി സംഭവങ്ങൾ മുഴുവൻ കരുനാട്ട് നമ്പൂതിരിയെ അറിയിച്ചു. ഈ കഥ കേട്ട കരുനാട്ട് നമ്പൂതിരി രണ്ടുണ്ണികളുണ്ടായാൽ ഒന്നിനെ ദാനം ചെയ്യാമെന്ന് കിഴുപ്പുറം നമ്പൂതിരിയോട് പറഞ്ഞു.സന്തോഷവാനായ കിഴുപ്പുറം നമ്പൂതിരി ഉടനെത്തന്നെ മഹാവിഷ്ണുക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുളത്തിലെത്തി തന്റെ ഓലക്കുട കരയിൽ വച്ചശേഷം കുളിച്ചു. കുളി കഴിഞ്ഞ് കുടയെടുക്കാൻ ശ്രമിച്ചപ്പോൾ അത് അനങ്ങിയില്ല. അപ്പോൾ അവിടെ ഒരു ദിവ്യപുരുഷൻ പ്രത്യക്ഷപ്പെടും മൂകാംബിക ദേവി നമ്പൂതിരിയോടൊപ്പം വന്നെന്നും തൊട്ടടുത്ത കാട്ടിൽ കാണപ്പെടുന്നതും വർഷങ്ങൾക്കുമുമ്പ് ഇവിടെ പൂജിച്ചിരുന്നതുമായ ദേവിയുടെ ഒരു ശിലാവിഗ്രഹത്തിൽ കുടിയിരുത്തണമെന്നും എന്നാൽ അത് പൂജിക്കാൻ ശക്തിയുള്ള  ആരും ഇല്ല എന്നും പറഞ്ഞു. അതിനാൽ അതിനു പടിഞ്ഞാറു ഭാഗത്തേക്കു അഭിമുഖമായി ഒരു പ്രതി വിഗ്രഹം സ്ഥാപിച്ചു അത് പൂജിക്കണമെന്നും പറഞ്ഞു. ദേവിക്ക് കാവലായി ഒരു യക്ഷിയുണ്ടാകും എന്നും അരുളി ചെയ്തു ആ പുരുഷരൂപം മാഞ്ഞു. നമ്പൂതിരി അത് പ്രകാരം ചെയ്തു. അങ്ങനെയാണ് പനച്ചിക്കാട് ക്ഷേത്രം ഉണ്ടായത്.


Panachikkadu Dakshina Mookambika Temple

വിഷ്ണുക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരല്പം താഴെയായാണ് സരസ്വതീക്ഷേത്രവും യക്ഷിക്കാവും സ്ഥിതിചെയ്യുന്നത്. വിഷ്ണുക്ഷേത്രത്തിൽ ശ്രീകോവിലും നാലമ്പലവും മറ്റുമെല്ലാം പൂർണ്ണമായി നിർമ്മിച്ചിട്ടുണ്ട്. എന്നാൽ, സരസ്വതീക്ഷേത്രത്തിൽ ഇവയൊന്നുമില്ല. മഹാവിഷ്ണുക്ഷേത്രത്തിൽ താരതമ്യേന വളരെ ചെറിയൊരു ശ്രീകോവിലാണുള്ളത്. മഹാവിഷ്ണുഭഗവാന്റെ ശ്രീകോവിലിനുമുന്നിൽ ചെറിയൊരു നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. സരസ്വതി എന്ന പേരിനെ അന്വർത്ഥമാക്കി പനച്ചിക്കാട്ട് കുടികൊള്ളുന്ന വിദ്യാദേവതയുടെ തിരുസന്നിധിയിൽ നിത്യേന ആയിരക്കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിയ്ക്കുന്നുണ്ട്. സാരസ്വതം നെയ്യ്, കൂട്ടുപായസം, വിദ്യാമന്ത്രാർച്ചന എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ സരസ്വതി പൂജ നടക്കുന്നത് സെപ്റ്റംബർ-ഒക്ടോബർ  മാസങ്ങളിൽ ആണ്. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിൻറെ  അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഇപ്പോഴും ട്രഷറിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിൽ പാരമ്പര്യ പ്രകാരമാണ് ആചാരങ്ങൾ പിന്തുടരുന്നത്.

പനച്ചിക്കാട് മഹാവിഷ്ണു സരസ്വതീ ക്ഷേത്രം

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *