കല്ലിൽ ഗുഹാക്ഷേത്രം - എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേതല എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് കല്ലിൽ ഭഗവതി ക്ഷേത്രം (Kallil Bhagavathi Temple or Kallil Cave Temple). ഒരു വലിയ കാടിനുള്ളിലെ ക്ഷേത്രം വലിയ പാറയുടെ മുകളിലാണ് പണിതിരിക്കുന്നത്. അവിടേക്കു എത്തുവാൻ 120 പടികൾ കയറണം.
കല്ലിൽ ഭഗവതി ക്ഷേത്രം Kallil Bhagavathy Temple Methala
അയ്യായിരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ദുർഗ്ഗയാണ് പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. യഥാർത്ഥത്തിൽ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവർ ആണ് ഉപദേവതകൾ.
ക്ഷേത്രത്തിലേക്കുള്ള കവാടം തുടങ്ങുന്നിടം മുതൽ കല്ലുകളുടെ കാഴ്ച തുടങ്ങും. അങ്ങെത്തുന്നിടം വരെ കല്ലുകൾ നിറഞ്ഞ വഴികളാണുള്ളത്. ശ്രീകോവിലിലേക്കുള്ള പടികളും ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകളും ക്ഷേത്രത്തിന്റെ ചുറ്റിലും പാകിയിരിക്കുന്നതും ഒക്കെ കരിങ്കല്ലു തന്നെയാണ്. ഇവിടുത്തെ നമസ്കാര മണ്ഡപവും പൂർണ്ണമായും കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഐതീഹ്യം
ഒരിക്കൽ കാടിനുള്ളിൽ എത്തിച്ചേർന്ന ആളുകള്‍ അസാമാന്യ സൗന്ദര്യമുള്ള ഒരു സ്ത്രീയെ കണ്ടു.അവർ കല്ല് കൊണ്ട് അമ്മാനമാടി കളിക്കുകയായിരുന്നു. അവരുടെ അടുത്തു ചെന്നു കാണുവാൻ പോയപ്പോഴേക്കും അവർ അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. കളിച്ചുകൊണ്ടിരുന്ന കല്ലുകൾ കൊണ്ട് ഗുഹയിൽ മറയുകയാണ് അവർ ചെയ്തത്. ദേവി ചൈതന്യമുള്ള ആ സ്ത്രീ കല്ലിൽ ഭഗവതി ആയിരുന്നു എന്നാണ് വിശ്വാസം.
ഉത്സവങ്ങൾ
- എല്ലാ വർഷവും തൃകാർത്തിക മഹോത്സവം വൃശ്ചികമാസത്തിലെ കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു. ആ ദിവസം കളഭാഭിഷേകം, കാർത്തിക ഊട്ട് ഇവ രണ്ടും ഭക്തജനങ്ങള്ക്ക് വഴിപാടായി നടത്താവുന്നതാണ്. കാർത്തിക നാളില് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന "ഇടിതൊഴല്" പ്രധാനം. വളരെ പ്രധാനമാണ്.
- തുലാമാസത്തിലെ "നവരാത്രി" വിപുലമായി ആചരിക്കുന്നു.
- ചിങ്ങമാസത്തിലെ ഉത്രാടം നാളില് "നിറപുത്തരി" ഇവിടുത്തെ പ്രധാനാഘോഷമാണ്.
- പ്രധാന ആയില്യ പൂജ നടക്കുന്നത് കന്നി മാസത്തിലെ ആയില്യം നാളിലാണ്.
- മേടമാസത്തിലെ ഉത്രാടം നാളില് കലശവാർഷിക മഹോത്സവം നടക്കാറുണ്ട്.
- കർക്കിടക മാസത്തിൽ രാമായണ പാരായണവും, വിനായക ചതുർത്ഥിയും ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്.
പൂജകളും വഴിപാടുകളും
“ഇടിതൊഴൽ“ എന്ന പ്രധാന വഴിപാട് കൂടാതെ പുഷ്പാഞ്ജലി, കുങ്കുമാർച്ചന, സ്വസ്തിസൂക്താർച്ചന, സാരസ്വതാർച്ചന എന്നീ വഴിപാടുകളും നടക്കാറുണ്ട്. ആദ്യകാലങ്ങളിൽ സന്ധ്യ പൂജ ഇല്ലാതിരുന്ന ഈ ക്ഷേത്രത്തിൽ ഇപ്പോൾ അത്താഴ പൂജ കൂടി കഴിഞ്ഞാണ് നട അടക്കുന്നത്.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
പെരുമ്പാവൂരിൽ നിന്നും 10 കിലോമീറ്റർ സഞ്ചാരികൾ ക്ഷേത്രത്തിൽ എത്തിച്ചേരാം. പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിൽ ഒടക്കാലി എന്ന സ്ഥലത്തു നിന്നും 4 കിലോമീറ്റർ ഉള്ളിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്താം.
മേൽവിലാസം
കല്ലില്‍ പിഷാരത്ത് ദേവസ്വം
മേതല പി ഓ
മേതല
എറണാകുളം
കേരളം
Pincode: 683545
Comments
Post a Comment