പൂന്താനം ദശാവതാര കീർത്തനം Dasavathara Keerthanam Malayalam Lyrics

പൂന്താനം നമ്പൂതിരി - ദശാവതാര കീർത്തനം മലയാളം വരികൾ Dasavathara Keerthanam of Poonthanam Malayalam Lyrics. പൂന്താനം നമ്പൂതിരിപാട് ആണ് ഈ ദശാവതാര കീർത്തനം ചിട്ടപ്പെടുത്തിയത്. വളരെ മനോഹരമായി അക്ഷരമാലാക്രമത്തിൽ അക്ഷരമാലക്രമത്തിൽ ആണ് ഇത് എഴുതിയിരിക്കുന്നത്. 

ദശാവതാരകീർത്തനം Dasavathara Keerthanam Lyrics in Malayalam 

അംബുജായത ലോചന കോമള
കംബുധാരണ കാരുണ്യവാരിധേ
കന്മഷാപഹ നിൻ പാദപങ്കജം
ചെമ്മേ കാണുമാറാകണം ഗോവിന്ദ

ആഴിതന്നിൽ മുഴുകിയ വേദത്തെ
മീളുവാനൊരു മീനായിച്ചെന്നുടൻ
ഏഴു സാഗരം ചൂഴെ നിന്നീടുന്ന
വേഷമമ്പൊടു കാണണം ഗോവിന്ദ

ഇച്ഛയോടെ സുരാസുരസഞ്ചയം
സ്വച്ഛവാരിധി തോയം കടയുമ്പോൾ
കച്ഛപാകൃതി കൈക്കൊണ്ടു മേവിടും
വിശ്വവ്യാപിയെ കാണുമാറാകണം

ഈഷലെന്നിയേ സൂകര വേഷമായ്
ദ്വേഷിച്ചീടും ഹിരണ്യാക്ഷനെക്കൊന്നു
ധാത്രീചക്രത്തെ വീണ്ടുകൊണ്ടന്നൊരു
ഗാത്രമമ്പൊടു കാണണം ഗോവിന്ദ

ഉഗ്രനായ ഹിരണ്യകശിപുവെ
നിഗ്രഹിച്ച നരസിംഹമൂർത്തിയെ
അഗ്രേ പ്രഹ്ലാദസേവിതനായിട്ടു
വ്യഗ്രം കൂടാതെ കാണണം ഗോവിന്ദ

ഊഢമോദം മഹാബലി തന്നോടു
ഗൂഢമായ്ച്ചെന്നു മൂവടി ഭൂമിയെ
യാചിച്ചീടുന്ന വാമനമൂർത്തിയെ--
സ്സേവിച്ചീടുമാറാകണം ഗോവിന്ദ


പൂന്താനം ദശാവതാര കീർത്തനം Dasavathara Keerthanam Malayalam Lyrics



എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യം
എണ്ണമില്ലാത്ത ക്ഷത്രിയവംശത്തെ
ദണ്ഡിപ്പിച്ച പരശുരാമാകൃതി
കണ്ണിൽ കാണുമാറാകണം ഗോവിന്ദ

ഏണനേർമിഴി ജാനകീചോരനെ
ബാണമെയ്തു വധിച്ച ശ്രീരാമനെ
കാണിനേരം പിരിയാതെയെൻ മുമ്പിൽ
കാണുമാറരുളീടണം ഗോവിന്ദ

ഐയോ ഹസ്തിനമായ പുരിപുക്കു
കയ്യിൽമേവും കലപ്പയാൽ കോരീട്ടു
പയ്യവേ എറിവാൻ തുനിയും ബല--
ഭദ്രരാമനെക്കാണണം ഗോവിന്ദ

ഒട്ടൊഴിയാതെ ഭൂഭാരം തീർപ്പാനായ്
ദുഷ്ടഭൂപരെക്കൊന്നു മുടിച്ചതും
പെട്ടെന്നമ്പോടു കാട്ടിയതൊക്കെയും
കൃഷ്ണരൂപമേ കാണണം ഗോവിന്ദ

ഓർക്കിലെത്രയും പേടിയാമിന്നിമേൽ
കൽക്കിയായിട്ടവതരിക്കുന്നതും
ഖഡ്ഗവുമേന്തി മ്ലേച്ഛരെയൊക്കെയും
വെക്കം കൊൽവതും കാണണം ഗോവിന്ദ

ഔവ്വിധമായ പത്തവതാരവും
ചൊവ്വൊടേ ചൊൽവാനാർക്കു കഴിയുന്നു
ദൈവമേ തവ കാരുണ്യം കൊണ്ടു മേ
കൈവരേണമേ കൈവല്യം ഗോവിന്ദ

അന്തമില്ലാതെ ഞാൻ ചെയ്ത പാപത്തെ
നിന്തിരുവടി നീക്കിക്കളഞ്ഞുടൻ
അന്ത്യകാലത്തു മുക്തിയെ നൽകുവാൻ
ബന്ധു നീയല്ലാതില്ലാരും ഗോവിന്ദ

അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിതാനന്ദ രൂപ സനാതന
ഉച്ചരിക്കായ് വരേണം നിൻ നാമങ്ങൾ
വിശ്വനായക വിഷ്ണോ
നമോസ്തുതേ

Comments

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *